തിരുവനന്തപുരം: ഒറ്റ ദിവസം നിയമസഭയിലെ എട്ടു നടപടിക്രമങ്ങളിലും പങ്കെടുത്തു മുഖ്യമന്ത്രി വി.ഡി. സതീശൻ.നിയമസഭയിലെ ഒരു ദിവസത്തെ എല്ലാ നടപടിക്രമങ്ങളിലും പങ്കെടുത്താണു വി.ഡി. സതീശൻ ചരിത്ര രേഖയിലേക്കു നടന്നു കയറിയത്. മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്നലെ രാവിലെ ചോദ്യോത്തരവേള മുതൽ അവസാനത്തെ ധനവിനിയോഗ ബില്ലിൽ വരെ വി.ഡി. സതീശൻ ഭാഗഭാക്കായി. കേരള നിയമസഭയുടെ ചരിത്രത്തിൽ ഇതൊരു അപൂർവതയാണ്.
രാവിലെ ഒൻപതിനു തുടങ്ങിയ ചോദ്യോത്തര വേളയിൽ നക്ഷത്ര ചിഹ്നമിട്ടതും ഇടാത്തതുമായ ചോദ്യങ്ങൾക്കു മുഖ്യമന്ത്രി മറുപടി നൽകി. വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരികൈമാറ്റം അടക്കമുള്ള ചോദ്യങ്ങൾക്കുള്ള മറുപടിയും ഫ്ളോറിലെത്തി. തുടർന്ന് ശൂന്യവേളയിൽ തദ്ദേശസ്ഥാപനങ്ങൾക്കു ഫണ്ട് അനുവദിക്കാത്തതിനെ തുടർന്നുള്ള പ്രതിസന്ധിയുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിനു ധനവകുപ്പിന്റെ ചുമതലയുള്ള മന്ത്രി എന്ന നിലയിൽ മുഖ്യമന്ത്രിയാണു മറുപടി നൽകിയത്.
ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെട്ട സനീഷ്കുമാർ ജോസഫിന്റെ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിനും ലോട്ടറി വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയെന്ന നിലയിൽ സഭയിൽ മറുപടി നൽകി. ആറു സബ്മിഷനുകൾക്കാണു പിന്നീടു മുഖ്യമന്ത്രി മറുപടി നൽകിയത്.
പിന്നീട്, വകുപ്പുമായി ബന്ധപ്പെട്ട കടലാസുകൾ മുഖ്യമന്ത്രി മേശപ്പുറത്തു വച്ചു. കേന്ദ്ര സർക്കാരിന്റെ വിദേശ സംഭാവന (നിയന്ത്രണ) നിയമഭേദഗതിക്കെതിരേ പ്രമേയം കൊണ്ടുവന്നതും മുഖ്യമന്ത്രി വി.ഡി. സതീശനായിരുന്നു. ഇതു വോട്ടിനിട്ടു പാസാക്കി. പിന്നീടു ധനകാര്യ ബിൽ അവതരിപ്പിച്ചു പാസാക്കി. ഉച്ചയ്ക്ക് ഒന്നു മുതൽ മൂന്നു വരെ അവതരിപ്പിക്കേണ്ട ധനവിനിയോഗ ബിൽ സമയത്തിൽ മാറ്റം വരുത്തി സമ്മേളനത്തിന്റെ അവസാനം അവതരിപ്പിച്ചു.